സൗഹൃദക്കൂട്ടായ്മ, ഫെയ്‌സ്ബുക്കിനപ്പുറത്തേക്ക്

ഫെയ്‌സ്ബുക്കില്‍ നിങ്ങള്‍ക്ക് എത്ര ഫ്രണ്ട്‌സ് ഉണ്ട്, മുന്നൂറോ ആയിരമോ. യഥാര്‍ഥത്തില്‍ അവരെല്ലാം യഥാര്‍ഥ സുഹൃത്തുക്കളാണോ. അല്ലെങ്കില്‍, നിങ്ങളുടെ ഫെയ്‌സ്ബുക്ക് 'സുഹൃത്തുക്കളില്‍' എത്ര സുഹൃത്തുക്കളുണ്ട്! അല്‍പ്പം കുഴയ്ക്കുന്ന പ്രശ്‌നമാണിത്. രാവണന്‍കോട്ട പോലെ നമ്മുടെ നിയന്ത്രണത്തിനപ്പുറത്തേക്കാണ് സൗഹൃദക്കൂട്ടായ്മാ സൈറ്റുകളില്‍ (സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍) സുഹൃത്തുക്കളുടെ എണ്ണത്തിലുള്ള പെരുപ്പം.
ഈയവസ്ഥയില്‍ ചിലരെങ്കിലും ആഗ്രഹിച്ചു പോകും യഥാര്‍ഥ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന്. അങ്ങനെ ചിന്തിക്കുന്നവരെ സഹായിക്കാന്‍ പുതിയൊരു സര്‍വീസ് രംഗത്തെത്തുകയാണ്. പേര് 'പാത്ത്' (Path). 'പാത്തി'ല്‍ സാധ്യമായ പരമാവധി സുഹൃത്തുക്കളുടെ എണ്ണം എത്രയെന്നോ-വെറും 50!
തമാശയെന്ന് തോന്നാം. പക്ഷേ, പാത്ത് എഴുതി തള്ളാനാകില്ല. ഫെയ്‌സ്ബുക്കിനെ ഇന്നത്തെ നിലയ്ക്ക് വമ്പന്‍ വിജയമാക്കാന്‍ പ്രധാന പങ്കുവഹിച്ചവരില്‍ ഒരാളായ ഡേവ് മോറിന്‍ ആണ് പാത്ത് സ്ഥാപിച്ചത്. ഫെയ്‌സ്ബുക്ക് കണക്ട്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് രൂപംനല്‍കാന്‍ സഹായിച്ച മോറിന്‍, ഫെയ്‌സ്ബുക്ക് വിട്ട് പുറത്തുവന്നാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. പരിമിതമായ സുഹൃത് വലയത്തിനുള്ളില്‍ ഫോണ്‍ ഫോട്ടോകള്‍ പങ്കിടാന്‍ സഹായിക്കുന്ന ഒരു ഐഫോണ്‍ ആപ്ലിക്കേഷന്‍ തിങ്കളാഴ്ച പുറത്തിറക്കിക്കൊണ്ട് പാത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

കൂടുതലാളുകള്‍ ഒരാളുടെ സൗഹൃദക്കൂട്ടായ്മയില്‍ എത്തുന്നതോടെ, നിങ്ങളെ ശ്രദ്ധിക്കുന്നവരെ കണ്ടെത്തുക അങ്ങേയറ്റം വിഷമകരമാകുന്നു-മോറിന്‍ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്‌നം ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ഇവല്യൂഷണി സൈക്കോളജി ഗവേഷകനായ പ്രൊഫ. റോബിന്‍ ഡര്‍ബാന്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമാണ്. പ്രൊഫ. ഡന്‍ബാര്‍ എത്തിയിട്ടുള്ള നിഗമനം ഒരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പരമാവധി 150 പേരുടേതാണ് എന്നാണ്.
ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാത്തിലെ അംഗങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം 50 എന്ന് നിജപ്പെടുത്തിയത്. പ്രൊഫ.ഡന്‍ബാറിന്റെ കണ്ടെത്തലിനെ കുറച്ചുകൂടി മൂര്‍ച്ച കൂട്ടിയാണ് 50ല്‍ മോറിന്‍ എത്തിയത്. കൈകാര്യം ചെയ്യാന്‍ പറ്റുന്ന പരമാവധി എണ്ണം 150 എന്നതിന് പകരം, വിശ്വാസത്തിലെടുക്കാന്‍ പറ്റുന്നവരുടെ പരമാവധി എണ്ണം 50 എന്ന് നിശ്ചയിക്കുകയായിരുന്നു.
ഇപ്പോള്‍ ഐഫോണ്‍ ആപ്ലിക്കേഷനാണ് പുറത്തിറക്കിയതെങ്കിലും, വൈകാതെ ആന്‍ഡ്രോയിഡ്, ബ്ലാക്ക്ബറി ആപ്ലിക്കേഷനുകളും രംഗത്തെത്തും. ഇവയുടെ സഹായത്തോടെ പാത്ത് വഴി അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍ ഫോട്ടോകളും വീഡിയോകളും പങ്കിടാന്‍ കഴിയും
(കടപ്പാട് മാതൃഭൂമി )
Comments